തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമൈറ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേസരി-സമൈറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ അമൃത ടി വി ജേതാക്കളായി. ഫുട്ബോള്‍ ഫൈനലില്‍ ജനം ടി വിയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിട്ടു നിന്ന അമൃത രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ കൂടി നേടി ആധിപത്യമുറപ്പിച്ചു. അമൃത ടി വിക്ക് വേണ്ടി ദീപു സി പി, ശ്രീനാഥ് പള്ളത്ത് എന്നിവര്‍ രണ്ടുഗോളുകള്‍ വീതവും സന്തോഷ് ഒരു ഗോളും നേടി.
അമൃത ടി വിയിലെ ദീപു സി പിയാണ് ടൂര്‍മമെന്റിലെ മികച്ച കളിക്കാരന്. ആറുഗോളുകളുമായി അമൃത ടി വിയിലെ ശ്രീനാഥ് പള്ളത്ത് മികച്ച ഗോള്‍വേട്ടക്കാരനായി. ജനം ടി വിയിലെ സജിത്താണ് മികച്ച ഗോള്‍ കീപ്പര്‍. എമേര്‍ജിംഗ് പ്ലയര്മാരായി ജനം ടി വിയിലെ പ്രവീണും കേരള കൗമുദിയിലെ ജയകുമാറും തിരഞ്ഞെടുക്കപ്പെട്ടു. പൂജപ്പുര മൈതാനിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിലെ മുന്‍ താരങ്ങളായ ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, സമൈറ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ഷിബു തോമസ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കെ യു ഡബ്ല്യു ജെ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ജോയ് നായര്‍, ചിത്ര പി നായര്‍, ജുഗുനുകുമാര്, ശ്രീജ ആശിഷ് തുടങ്ങിയവർ സംബന്ധിച്ചു
ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ന്യൂസ് 18 നെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അമൃത ജേതാക്കളായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസ് 18 പത്ത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അമൃത ടി വി മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. അമൃതക്ക് വേണ്ടി വിഷണു 30 റണ്‍സും ചഞ്ജിത്ത് 25 റണ്‍സും നേടി. കേരള കൗമുദിയിലിലെ അര്‍ജുനാണ് മാൻ ഓഫ് ദ സീരീസ്. ന്യൂസ് 18 ലെ ഹരികൃഷ്ണനാണ് മികച്ച ബാറ്റര്‍. ന്യൂസ് 18 ലെ തന്നെ വി വി അരുണ്‍ മികച്ച ബൗളറും മലയാള മനോരമയിലെ രാഗുല്‍ മികച്ച ഫീല്‍ഡറായും ജനയുഗത്തിലെ ആര് വിശാഖ്, ജയ്ഹിന്ദ് ടി വിയിലെ ജി ടി ജിതിന് എന്നിവരെ മികച്ച താരങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ രഞ്ജി ടീം താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, സോമി ചെറുവത്തൂര്‍ കളിക്കാരെ പരിചയപ്പെട്ടു.