തിരുവനന്തപുരം: സഞ്ചാരപ്രിയർക്ക് വിനോദ സഞ്ചാരത്തിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സാപ്പ് ചാറ്റ്ബോട്ട് മായ
കൂടുതൽ ജനപ്രിയമാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് സഞ്ചാരികൾക്ക് ഏറെ ഉപയോഗപ്രദമാകുന്നത്. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭ്യമാകും.
കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കേണ്ടത്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.
ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും എങ്ങനെ എത്തിച്ചേരണമെന്ന വിവരങ്ങളും ചാറ്റ് ബോട്ട് വ്യക്തമായി സഞ്ചാരികൾക്ക് പറഞ്ഞ് തരും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.