
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നീട്ടി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ എസ്ഐആർ നീട്ടി വെക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വ കക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ചിരുന്നു.
രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യവ്യാപക എസ്ഐആർ ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ തവണ എസ്ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിച്ചിരുന്നു. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുൻപ് എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
