തിരുവനന്തപുരം: ആക്ടിവിസ്റ്റും കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജന്റർ റേഡിയോ ജോക്കി എന്ന നിലയിൽ ശ്രദ്ധേയയുമായിരുന്ന അനന്യകുമാരി അലക്സിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ക്രിയാത്മകമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യ കടുത്ത ആരോഗ്യ മാനസിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നതായും ഇതിനു കാരണം ശസ്ത്രക്രിയയിൽ വന്ന പിഴവാണെന്നും വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമഗ്രമായ ഒരു ട്രാൻസ് ജന്റർ ആരോഗ്യനയം രൂപപ്പെടുത്തുന്നതിനും ലിംഗമാറ്റ ശസ്ത്രക്രിയയും മറ്റു ചികിത്സകളും ഒരു അവകാശം എന്ന നിലയിൽ തന്നെ താങ്ങാവുന്ന ചെലവിൽ ട്രാൻസ് ജന്റർ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ ഉണ്ടാകേണ്ടതുണ്ട്.
സാമൂഹിക അംഗീകാരം നല്‍കാതെ അകറ്റി നിർത്തുന്നതു കാരണം ട്രാൻസ് ജന്റർ വ്യക്തികൾ നേരിടുന്ന പ്രയാസങ്ങൾ വളരെയധികമാണ്. അതിനു പുറമെ തൊഴിലില്ലായ്മ, അതേ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ, ആഗ്രഹിക്കുന്ന ലിംഗമാറ്റത്തിന് വേണ്ടി വരുന്ന ചെലവ്, ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവ വളരെ ഗൗരവമേറിയ വിഷയങ്ങളാണ്. സാമൂഹ്യക്ഷേമ വകുപ്പ് ചില പിന്തുണാ സംവിധാനങ്ങൾ നല്‍കുന്നുണ്ടെങ്കിലും അവ ഇവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.
ട്രാന്‍സ് ജന്റർ ആളുകള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. പല രാജ്യങ്ങളിലും അതിനാവശ്യമായ സ്പാന്ഡേര്ഡ് ഓഫ് കെയര്‍, പ്രോട്ടോകോള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം നിര്‍ദ്ദേശിക്കുന്നുണ്ട്. ട്രാൻസ് ജന്റർ വ്യക്തികളിൽ മിക്കവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് താല്പര്യമുള്ളവരാണ്. ഇതിന് അനുബന്ധമായി ഹോര്‍മോണ്‍ ചികിത്സയും കൗണ്‍സിലിംഗും മറ്റും ആവശ്യമായി വരും. ഇവയൊക്കെ താരതമ്യേന സങ്കീര്‍ണ്ണവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ളതുമാണ്. ചികിത്സക്ക് മുമ്പും പിമ്പും പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കൃത്യമായ നിരീക്ഷണവും ഉണ്ടാവണം. ചികിത്സാ ടീമിൽ പ്ലാസ്റ്റിക് സര്ജന്, ഗൈനക്കോളജിസ്റ്റ്, എന്‍ഡോക്രൈനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, നഴ്സുമാർ എന്നിവരൊക്കെയുണ്ടാകും. അതുകൊണ്ടു തന്നെ പൊതുവായി പിന്തുടരാവുന്ന സുതാര്യമായ ഒരു പ്രോട്ടോകോള്‍ അത്യാവശ്യമാണ്.
ട്രാൻസ് ജന്റർ വ്യക്തികൾക്ക് ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചികിത്സക്കായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ സാമ്പത്തികമായ ചൂഷണത്തിനും അശാസ്ത്രീയ ചികിത്സയ്ക്കുമുള്ള സാദ്ധ്യതകള്‍ നില നില്ക്കുന്നു. ഇതുവരെ ലഭ്യമായിട്ടുള്ള ഗവേഷണങ്ങളുടെയും വൈദദ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സെക്സ് റീ അസൈന്മെന്റ് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സ ഉചിതമായി നടപ്പാക്കുന്നതിന് കൃത്യമായ പ്രോട്ടോകോള്‍ കൊണ്ടുവരുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാതൃകാ പരിശീലന കേന്ദ്രങ്ങളായി വികസിപ്പിക്കുകയും വേണം. ഇത്തരം ചികിത്സ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഈ പ്രോട്ടോക്കോളുകൾ പാലിക്കുന്നു എന്നും ഉറപ്പാക്കണം.
അതുപോലെ ശസ്ത്രക്രിയയ്ക്ക് ശേഷവും ഇതിനു വിധേയരായ വ്യക്തികളിൽ സംഭവിക്കുന്ന ശാരീരീരിക മാനസിക പ്രശ്നങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ താല്പര്യമുള്ള വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാവണം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഗുണനിലവാരമുള്ള ചികിത്സയും കൃത്യമായ ഇടവേളകളിൽ തുടർ പരിചരണവും സർക്കാർ തലത്തിൽ തന്നെയോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക ഭാരം വരാത്ത രീതിയിലോ ഉറപ്പാക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കാരണം തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കാനും കഴിയേണ്ടതാണ്.
രാജ്യത്ത് ആദ്യമായി ട്രാന്‍സ് ജെന്റര്‍ നയം നടപ്പിലാക്കിയ, ട്രാന്‍സ് പ്ലാന്റേഷന് സര്‍ജറിക്കും മറ്റും പ്രോട്ടോകോളുകളുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ബിഷ്മെന്റ് ആക്ട് നടപ്പാക്കാൻ ശ്രമിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഇത് ഉടനെ പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ കഴിയേണ്ടതാണ്. ഇതോടൊപ്പം തന്നെ ട്രാൻസ് ജന്റർ വ്യക്തികളെ അംഗീകരിക്കുകയും, ഭരണ ഘടന ഓരോ പൗരനും ഉറപ്പ് തരുന്ന മൗലിക അവകാശങ്ങളോടെ ജീവിക്കാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഫലപ്രദമായ ചികിത്സയ്ക്ക് ഇതും ആവശ്യമാണ്.