പോലീസിൻ്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയുംക്കുറിച്ചുള്ള
പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി കേരള പോലീസ് സോഷ്യൽ മീഡിയ സെൽ തയ്യറാക്കുന്ന വെബ് സീരീസ്. പോലീസിനെ “പിടിച്ച” കിട്ടു ഉടൻ വരുന്നു.
പൂർണമായും പോലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഈ വീഡിയോയിൽ അനിമേഷൻ ക്യാരക്ടർ കിട്ടുവാണ് മുഖ്യകഥാപാത്രം. വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി അവതരിപ്പിക്കും.
എ ഡി ജി പി മനോജ് എബ്രഹാമിൻ്റെ ആശയത്തിൽ തയ്യാറാക്കിയ
വെബ് സീരിസിൻ്റെ സംവിധായകനായ സോഷ്യൽ മീഡിയ സെല്ലിലെ
സീനിയർ സിവിൽ പോലീസ് ഓഫിസർ ബിമൽ വിജയ് ആണ് അനിമേഷൻ കഥാപാത്രമായ കിട്ടുവിനും രൂപകൽപന നൽകിയിരിക്കുന്നത്. കൊറോണ വൈറസിൻ്റെ അനിമേഷൻ രൂപം ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ്.പി. എസ് ആണ് അവതാരകനായി എത്തുന്നത്. രഞ്ജിത് കുമാർ (ക്യാമറ), സന്തോഷ് സരസ്വതി (അസ്സോസിയേറ്റ് ഡയറക്ടർ), കമലനാഥ് കെ. ആർ (തിരക്കഥ), അരുൺ ബി ടി (ടെക്നിക്കൽ ഹെഡ്), അഖിൽ (കോ- ഓർഡിനേഷൻ) , ജിബിൻ ഗോപിനാഥ് (സാങ്കേതിക സഹായം ) എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
സീരിസിൻ്റെ പ്രൊമോ വീഡിയോ ഇന്ന് വൈകിട്ടു ആറുമണിക്ക് കേരളാ പോലീസിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്യും.