
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ പതിനൊന്നിന് ആലപ്പുഴയില്‍ നടക്കുന്ന വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും സജി ചെറിയാന് പറഞ്ഞു. “വെള്ളാപ്പള്ളി പറഞ്ഞതും അദ്ദേഹത്തിന്റെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നതും രണ്ടുംരണ്ടാണ്. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ്”, മന്ത്രി വിശദീകരിച്ചു.
“അദ്ദേഹത്തിന്റെ ആ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയേയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഞാന്‍ ആ ദിവസം മറ്റുകുഴപ്പങ്ങളില്ലെങ്കില്‍ പങ്കെടുക്കുകതന്നെ ചെയ്യും. ഇതാണ് എന്റെ നിലപാട്. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ആഘോഷമാണ്. അതില്‍ നമ്മള് പങ്കെടുക്കാതിരിക്കുന്നതിന്റെ ആവശ്യമെന്താ” എന്നും സജി ചെറിയാന് ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേ മലപ്പുറത്തെ സംബന്ധിച്ച് വിദ്വേഷപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയുടെ സ്വീകരണപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതതികരണം.
