ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ സാഹിത്യകാരൻ എം. സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ പ്ലാറ്റ്ഫോമിൽ ജൂൺ 5 ന് നടന്നു. ലോകത്തെമ്പാടും നിരവധി യാത്രകൾ നടത്തി, അനവധി യാത്രാവിവരണങ്ങള് രചിച്ചു വായനക്കാരുടെയും അനുവാചകരുടെയും മനസ്സിൽ പ്രതിഷ്ഠ നേടിയ ചാക്കോ മണ്ണാർക്കാടിന്റെ കൃതികളെയും ജീവിതത്തെയും ആധാരമാക്കി പങ്കെടുത്തവർ സംസാരിച്ചു.
യോഗത്തിൽ ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കുവച്ചു. ചാക്കോയുടെ ഭാര്യ അന്നമ്മ ടീച്ചറും, കുടുംബാംഗങ്ങളായ ബിനു ജോസഫ്, ടോമി പീടികയിൽ, ബിനോയ് ചാക്കോ, ബീന പടവത്തിയിൽ, ബിന്ദു ജോയ്, സജു ജോയ്, ബിനു ചാക്കോ സണ്ണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ സാഹിത്യ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായി ചാക്കോ മണ്ണാർക്കാടിന് അഭേദ്യമായ ബന്ധമാണുള്ളത്. പാക്കിസ്ഥാൻ, ക്യൂബ, യുക്രൈയ്ൻ, ആഫ്രിക്കൻ വനാന്തരങ്ങൾ, ചൈന, റഷ്യ, റോം ഇറ്റലി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ, തുടങ്ങിയ ദേശങ്ങളിലൂടെ അതിസാഹസികമായ യാത്രയാണ് അദ്ദേഹം നടത്തിയത്. കേരള ലിറ്റററി ഫോറം യുഎസ് ആണ് അദ്ദേഹത്തെ ആദ്യമായി അമേരിക്കയിലെ എസ് കെ പൊറ്റക്കാട് എന്ന് സംബോധന ചെയ്തത്.
കോട്ടയം ജില്ലയിൽ നീണ്ടൂർ മണ്ണാർക്കാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി അദ്ദേഹം ജനിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിൽ വർക്ക് സൂപ്രണ്ടായി അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. 1989 ഇൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്കിലെ യോങ്കേഴ്സിൽ ആയിരുന്നു താമസം. അവിടെ10 വർഷത്തെ ജോലിക്ക് ശേഷം അദ്ദേഹം റിട്ടയർ ചെയ്തു. പിന്നീടങ്ങോട്ട് ലോകത്തിലെ വിവിധ ദേശങ്ങളിലേക്ക് തന്റെ സഞ്ചാരം ആരംഭിച്ചു.
അമേരിക്ക സ്വാതന്ത്ര്യ നാട്, കാനഡ ഭൂമിയുടെ ധാന്യപ്പുര, മെക്സിക്കോ ചരിത്രമുറങ്ങുന്ന ഭൂമി, ഹവായി അഗ്നിപർവ്വതങ്ങളുടെ നാട്, ഇസ്രായേൽ യാത്ര, ക്യൂബൻ യാത്ര, ഒരു സഞ്ചാരിയുടെ ജീവിത വഴികൾ തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ മുഖ്യ യാത്രാവിവരണ പുസ്തകങ്ങൾ. കൂടാതെ അമേരിക്കയിൽ നിന്നും, നാട്ടിൽ നിന്നും ഇറങ്ങിയിരുന്ന ആനുകാലികങ്ങളിൽ ചാക്കോയുടെ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചില യാത്രകളിൽ അന്തരിച്ച നർമ്മ സാഹിത്യകാരനായ ഡോക്ടർ പോൾസൺ ജോസഫ് ഒപ്പമുണ്ടായിരുന്നു.
ജോർജ്ജ് മണ്ണിക്കരോട്ട്, ജോൺ മാത്യു, ജോൺ ഇളമത, എ. സി. ജോർജ്, ഷീല ചെറു, സജി കരിമ്പന്നൂർ, തോമസ് ഒലിയാൻകുന്നേൽ, സാം നിലം പള്ളി, പ്രഫസർ മാത്യു പ്രാലേൽ, ജോയി ലൂക്കോസ്, തോമസ് വർക്കി, സണ്ണി ജോസഫ്, ഐ. ടി. ഗോബാലകൃഷ്ണപിള്ള, കുഞ്ഞമ്മ മാത്യു, രത്നമ്മ നായർ, മേഴ്സി ജോർജ്, മേരിപോൾ തുടങ്ങിയ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടനാ നേതാക്കളും വായനക്കാരും ആയ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു പരേതന് ആദരാജ്ഞലികൾ അർപ്പിച്ചു. കേരള ലിറ്റററി ഫോറം പ്രവർത്തകനായ എ സി ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.
റിപ്പോർട്ട്: എ.സി.ജോർജ്