
തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.
കേന്ദ്ര ടൂറിസം മന്ത്രാലയം നല്കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.
മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
