
കൊച്ചി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്ന മേഖലയായതിനാല്‍ നിര്‍ദിഷ്ട ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാതയെക്കുറിച്ച് എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് ഹൈക്കോടതി.
തുരങ്കപാത നിര്‍മാണത്തിന് എതിരല്ലെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ഹില്‍ സ്റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടെ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തുടക്കത്തില്‍ തന്നെ കോടതിയെ അറിയിക്കണം. തുരങ്കപാത നിര്‍മിക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സര്‍ക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. വയനാട്ടിലെ ദുരന്തമേഖലകളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ അനുമതി വേണമെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഹില്‍ സ്റ്റേഷനുകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം, താമസിക്കാനുള്ള സ്ഥലങ്ങള്‍, വാഹനങ്ങള്‍, വിഭവശേഷി, അടിസ്ഥാനസൗകര്യങ്ങള്‍, മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാകണം. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കാം. ഇല്ലെങ്കില്‍ 3 ആഴ്ചകൊണ്ട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. റിപ്പോര്‍ട്ട് ഒക്ടോബര്‍ അവസാനം കോടതിയില്‍ സമര്‍പ്പിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ടൂറിസം കേന്ദ്രങ്ങളെ അവയുടെ പഴയ പെരുമയിലേക്ക് തിരികെ കൊണ്ടുവരാനാകണം. വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ അവിടെയുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടിവരുന്നു. സ്ഥലത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളായ ജനങ്ങള്‍ക്കും ഇത് പ്രശ്നമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് പുറത്തുവരാന്‍ കുട്ടികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
