
തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് ബാങ്കിന്റെ പുതിയ മുഖം അവതരിപ്പിച്ചത്.
കേരള ഗ്രാമീണ ബാങ്കിന്റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ബാങ്ക് കേരളത്തിൽ കാഴ്ചവെക്കുന്നത് തികച്ചും മാതൃകാപരമായ സേവനമാണെന്നും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പോലെയുള്ള സുപ്രധാന മേഖലകളിലെ ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും പറഞ്ഞു.
കൂടാതെ, ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന വിവിധ സബ്സിഡി സ്കീമുകൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ കേരളാ ഗ്രാമീണ ബാങ്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗ്രാമീണ ജനതയുടെ വികസനത്തിനായി ബാങ്ക് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ബാങ്കുകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, പ്രാദേശിക ഗ്രാമീൺ ബാങ്കുകൾക്ക് രാജ്യവ്യാപകമായി ഒരു പൊതുവായ ബ്രാൻഡിംഗ് കൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിൽ മുൻപ് ‘കേരള ഗ്രാമീൺ ബാങ്ക്’ എന്നായിരുന്ന പേര് ‘കേരള ഗ്രാമീണ ബാങ്ക്’ എന്ന് പുനർനാമകരണം ചെയ്യുകയും പൊതുവായ ലോഗോ നടപ്പിലാക്കുകയും ചെയ്തു. 1976 ൽ സ്ഥാപിതമായ ഈ ബാങ്കിന് നിലവിൽ കേരളത്തിൽ 635 ശാഖകളും 12 റീജിയണൽ ഓഫീസുകളുമുണ്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കേരള ഗ്രാമീണ ബാങ്ക്, ഈ പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നു.
റിസർവ് ബാങ്ക് ജനറൽ മാനേജർ മുഹമ്മദ് സാജിദ് പി കെ, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ ശ്രീമതി വിമല വിജയഭാസ്കർ, ജനറൽ മാനേജർ ശ്രീ. പ്രദീപ് പദ്മൻ, തിരുവനന്തപുരം റീജിയണൽ മാനേജർ ശ്രീ. സുബ്രഹ്മണ്യൻ പോറ്റി, മാർക്കറ്റിംഗ് സെൽ ചീഫ് മാനേജർ ശ്രീ രാജീവ് ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


