മുംബൈ : സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കരുത്തരായ ഡൽഹിയെ അനായാസം മറികടന്ന് കേരളം. ഒരോവർ ബാക്കി നിൽക്കേ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ഓപ്പണർ റോബിൻ ഉത്തപ്പയുടെയും യുവതാരം വിഷ്ണു വിനോദിന്റെയും അർദ്ധ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ഉത്തപ്പയ്ക്ക് 5റൺസ് അകലെയാണ് അർഹിക്കുന്ന സെഞ്ച്വറി നഷ്ടമായത്.
ഉത്തപ്പ 54 പന്തിൽ 95 റൺസെടുത്ത് പുറത്തായപ്പോൾ വിഷ്ണു വിനോദ് 38 പന്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസെടുത്തത്. ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ധവാൻ 48 പന്തിൽ 77 റൺസെടുത്തു.