സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ചില മാധ്യമങ്ങൾ സംഘടിതമായി വാർത്തകൾ കൊടുക്കുന്നതിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. 30.07 21-ൽ ബാങ്ക് പ്രസിഡന്റ്, ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി ചേർന്ന യോഗം കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ നീതികരിക്കാനാവാത്തതെന്ന് വിലയിരുത്തി.
ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം കണക്കിലെടുത്ത് ഒരു രൂപ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും, മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തെറ്റു ചെയ്തവർക്ക് മതിയായ ശിക്ഷ നൽകണമെന്നും ബോർഡ് യോഗം അഭിപ്രായപ്പെട്ടു. നിക്ഷേപകരുടെ താല്പര്യ സംരക്ഷണത്തിനു സഹകരണമേഖല ഒറ്റക്കെട്ടായി നിൽക്കുമെന്നും അതിനുള്ള കരുത്തു സഹകരണ സംഘങ്ങളുടെയും കേരളബാങ്കിന്റെയും കൂട്ടായ്മക്കുണ്ടെന്നും യോഗം വിലയിരുത്തി.
അനേകം ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ കൃഷിക്കാരുടെയും മറ്റു അധ്വാനിക്കുന്ന ജനങ്ങളുടെയും ദീർഘവീക്ഷണത്തോടെ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. സംസ്ഥാനത്ത് പ്രബലമായ സാമ്പത്തിക മേഖലയായി വളർന്ന സഹകരണ മേഖല സംശുദ്ധമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒറ്റപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്.
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേട് കാണിച്ച ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കാതെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എന്നാൽ ഈ പ്രശ്നം മുൻനിർത്തി മുഴുവൻ സഹകരണ മേഖലയെ സംശയത്തിന്റെ നിഴലിൽ നിർത്തി ജനങ്ങളെ ഭയപ്പെടുത്തി നിക്ഷേപങ്ങൾ പിൻവലിപ്പിച്ച് പല സഹകരണ സ്ഥാപനങ്ങളെയും അപകടത്തിലാക്കാൻ ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന ചില മാധ്യങ്ങളുടെയും ചില കേന്ദ്രങ്ങളുടെയും നടപടികളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠേന ഡയറക്ടർ ബോർഡ് യോഗം പാസ്സാക്കി.