
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ എല്ലാ കണ്ണുകളും നേമം മണ്ഡത്തിലേയ്ക്ക്. ശക്തമായ ത്രികോണ മത്സരം ഉറപ്പായിക്കഴിഞ്ഞ നേമത്ത് ഇത്തവണ ആരുടെ കൊടി പാറുമെന്ന് കാണാനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വോട്ടെടുപ്പ് പുരോഗമിക്കവെ ആരോപണ, പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികളും രംഗത്തെത്തിയതോടെ നേമത്തെ രാഷ്ട്രീയ ചൂടേറുകയാണ്. ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് രാജീവ് ചന്ദ്രശേഖറും ബിജെപിയെയും രാജീവ് ചന്ദ്രശേഖറിനെയും കടന്നാക്രമിച്ച് ശിവൻകുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.
ഇതൊരു നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന കാര്യം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നുവെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ അവസരം ചോദിക്കുന്നത് നിയമസഭയില്‍ പോയി കമ്പ്യൂട്ടര്‍ തകര്‍ക്കാനോ ബഹളമുണ്ടാക്കാനോ സ്പീക്കറുടെ മേശപ്പുറത്ത് കയറി ഭരതനാട്യം കളിക്കാനോ അല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് വിദ്യാഭ്യാസ മന്ത്രിയും നിലവിൽ നേമത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ വി ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും ബിജെപി നിര്‍ണായകമായ ശക്തിയായി മാറുമെന്നുമാണ് ബിജെപി അധ്യക്ഷന്റെ പ്രവചനം. എല്ലാ ബിജെപി – എൻഡിഎ സ്ഥാനാര്‍ത്ഥികൾക്കും അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.
അതേസമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ബിജെപി കേരള രാഷ്ട്രീയത്തിൽ മദ്യം ഒഴുക്കുകയാണെന്നും നേമത്ത് ബൂത്ത് അടിസ്ഥാനത്തിൽ മദ്യക്കുപ്പികൾ വിതരണം ചെയ്തെന്നും ശിവൻകുട്ടി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തിയാണ് ഇത് നിര്‍വഹിച്ചിരിക്കുന്നതെന്നും കോടിക്കണക്കിന് രൂപയാണ് നേമത്ത് ബിജെപി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. പല തരത്തിലുള്ള പാരിതോഷികങ്ങൾ കൊണ്ട് ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
നേമത്ത് യുഡിഎഫിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്ഥാനാര്‍ത്ഥിയായ കെ എസ് ശബരിനാഥൻ പറഞ്ഞു. തുടക്കത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമെന്ന് മാധ്യമങ്ങൾ ചിത്രീകരിച്ച നേമത്തെ 20 ദിവസം കൊണ്ട് ത്രികോണ പോരാട്ടത്തിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ ജയം യുഡിഎഫിന് തന്നെയായിരിക്കും. പഴയ കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല. ഭാവിയുടെ രാഷ്ട്രീയം പറയുന്നത് യുഡിഎഫാണ്. പുറത്ത് നിന്ന് കാണുന്ന നേമമല്ല യഥാര്‍ത്ഥ നേമം. യുഡിഎഫ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നേമത്തെ ജനങ്ങളുടെ മനസിൽ യുഡിഎഫാണെന്നും ശബരിനാഥൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് അതിശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. എൽഡിഎഫ് സ്ഥാനാർത്ഥിയായി രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പോരിനിറങ്ങിയിട്ടുള്ളത്. ഇത്തവണ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്ത് എന്‍ഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. തെരഞ്ഞെടുപ്പിന് ഏറെ നാൾ മുമ്പ് തന്നെ നേമത്തെ തന്റെ സ്ഥാനാർത്ഥിത്വം അദ്ദേഹം ഉറപ്പിച്ചിരുന്നു. മറുഭാഗത്ത്, യുഡിഎഫിന് വേണ്ടി കെ എസ് ശബരീനാഥനാണ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളും കളം നിറഞ്ഞതോടെ എല്ലാ കണ്ണുകളും നേമത്തേയ്ക്ക് ഉറ്റുനോക്കുകയാണ്. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയായതിനാൽ ഇത്തവണ നേമം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.


