
തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. മുസ്ലീം ലീഗ് അംഗം എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീന് പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയില്‍ എത്തി സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രമേയ അവതാരകന് പറഞ്ഞു. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രി അഭിമുഖം നല്‍കിയതെന്നും ഷംസൂദ്ദീന്‍ ചോദിച്ചു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അസുഖത്തെ പരിഹസിച്ച പ്രമേയ അവതാരകന്റെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി. ആര്‍ക്കും അസുഖം വരാമല്ലോ, അത്തരം സംസാരം വേണ്ടെന്ന്് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഡോക്ടര്‍ സമ്പൂര്‍ണ വോയ്സ് റെസ്റ്റ് ആണ് പറഞ്ഞതെന്ന് സ്പീക്കര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച. അതിനിടെ ഇന്നലെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്നാടന്, ഐസി ബാലകൃഷ്ണന്, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എംബി രാജേഷാണ് അവതരിപ്പിച്ചത്.
