സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതൽ ഫോക്കസ് നൽകുമെന്നും അതിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ളതാക്കി കെൽട്രോണിനെ ഉയർത്തുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ് ഓക്സിമീറ്റർ, ശ്രവൺ – മിനി ഹിയറിങ് എയ്ഡ്,സോളാർ പമ്പ് കൺട്രോളർ, 5kVA യു പി എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. എന്നാൽ അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്തണമെങ്കിൽ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം അവിടുള്ള ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. ഗവണ്മെന്റ്, മാനേജ്മെന്റുകൾ, ജീവനക്കാർ, തൊഴിലാളികൾ, അവരുടെ സംഘടനകൾ – എല്ലാവരും ചേർന്നാൽ നമ്മുക്ക് വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. സർക്കാർ എല്ലാ പൊതുമേഖലയുടെയും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കികഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്ന തരത്തിൽ ബോർഡുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ നയങ്ങൾക്ക് അനുസൃതമാണോ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്ന് പരിശോധിക്കേണ്ട ചുമതല ബോർഡുകൾക്കായിരിക്കും – മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ബഹു. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും നെടുമങ്ങാട് എം എൽ എ യുമായ അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായി. കരകുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലേഖ റാണി, വാർഡ് മെമ്പർ ശ്രീ. എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എൻ നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ ശ്രീമതി ബെറ്റി ജോൺ, ശ്രീമതി കെ ഉഷ, പ്ലാനിംഗ് മേധാവി സുബ്രഹ്മണ്യം, അംഗീകൃത തൊഴിലാളി സംഘടനാ പ്രസിഡന്റുമാർ, കെൽട്രോൺ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കെൽട്രോൺ നിർമ്മിച്ച പുതിയ ഉപകരണങ്ങൾ
- ശ്രവൺ – മിനി ഹിയറിങ് എയ്ഡ്
- സോളാർ പമ്പ് കൺട്രോളർ
- പൾസ് ഓക്സിമീറ്റർ – ആദ്യഘട്ട നിർമ്മാണം – 500 എണ്ണം
- ഇ – ഹെൽത്ത് പദ്ധതിക്ക് വേണ്ടി 120 5kVA യു പി എസ് സിസ്റ്റം നിർമ്മിച്ച് നൽകുന്നത്.
ശ്രവൺ – മിനി ഹിയറിങ് എയ്ഡ്
നാല് വർഷം മുൻപ് സി – ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും കുറഞ്ഞ നിരക്കിൽ ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെ കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ തുടക്കം കുറിച്ചിരുന്നു. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ സ്കീമിൽ ഉൾപ്പെടുത്തിയും അല്ലാതെ പൊതു വിപണിയിലുമായി 120000 എണ്ണം ഹിയറിങ് എയ്ഡുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വലുപ്പം കുറഞ്ഞ മിനി ഹിയറിങ് എയ്ഡുകൾ വിപണിയിലെത്തിക്കുവാൻ ഒരുങ്ങുകയാണ് ഇന്ന് കെൽട്രോൺ. സോഫ്റ്റ്വെയർ ഉപയോഗിച്ച് സൂക്ഷമമായി പ്രോഗ്രാം ചെയ്ത് കേൾവിക്കുറവിന് അനുസൃതമായി മിനി ശ്രവൺ കേൾവി സഹായികൾ ട്യൂൺ ചെയ്യുവാൻ സാധിക്കുന്നതാണ്. മിനി ശ്രാവണിന്റെ BIS സർട്ടിഫിക്കേഷന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം വർധിപ്പിച്ച് വിപണിയിൽ കൂടുതലായി ഇറക്കാനും പദ്ധതിയുണ്ട്.
സോളാർ പമ്പ് കൺട്രോളർ
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ പമ്പ് കൺട്രോളർ കെൽട്രോൺ കരകുളം യൂണിറ്റിലുള്ള റിസർച്ച് & ഡെവലപ്മെന്റ് സെന്ററിൽ വികസിപ്പിച്ചതാണ്. ഊർജ്ജ ക്ഷമത ഉറപ്പു വരുത്തുന്നതും, റിമോട്ട് മോണിറ്ററിങ് സാധ്യമായിട്ടുള്ളതും, 1 എച്ച് പി മുതൽ 10 എച്ച് പി വരെ പ്രവർത്തനശേഷിയുള്ളതുമാണ് ഈ നവീന ഉപകരണം. വലുപ്പം കുറഞ്ഞതും, സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും സൗകര്യപ്രദവുമായിട്ടുള്ള രൂപകല്പനയാണ് മറ്റൊരു സവിശേഷത. കാർഷിക ആവശ്യങ്ങൾക്ക് സൗരോർജ്ജം ഉപയോഗിക്കുന്നതിനുള്ള പ്രധാന മന്ത്രിയുടെ കുസും (PM – KUSUM) പദ്ധതിയുടെ അടിസ്ഥാനത്തിൽ സോളാർ പമ്പ് കൺട്രോളറിന് മികച്ച വിപണി സാധ്യത ലക്ഷ്യമിടുന്നുണ്ട്.
പൾസ് ഓക്സിമീറ്റർ
കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രത്തിന്റെ (CET) ഡിസൈൻ പിന്തുണയോടെ തദ്ദേശീയമായി കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സിൽ ആദ്യഘട്ടത്തിൽ നിർമ്മിച്ച 500 പൾസ് ഓക്സീമീറ്ററുകൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്. നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിൽ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടുള്ള ഓക്സീമീറ്റർ കൃത്യതയുള്ള റീഡിങ് ലഭ്യമാക്കുന്നതാണ്. ഇതിനു ലഭിക്കുന്ന വിപണി പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ MSME യുമായി സഹകരിച്ച് നിർമ്മാണം വർധിപ്പിക്കുന്നതാണ്.
5kVA യു പി എസ് സിസ്റ്റം
വ്യാവസായിക തലത്തിൽ ഹൈപവർ യു പി എസ് സിസ്റ്റം നിർമ്മാണ മേഖലയിൽ വർഷങ്ങളുടെ ആധിപത്യമുള്ള കെൽട്രോൺ 5 kVA മുതൽ 1000 kVA വരെ ശ്രേണിയിലുള്ള യു പി എസ് സംവിധാനം നിർമ്മിക്കുന്നുണ്ട്. ഇന്ത്യൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള വിവിധ ന്യൂക്ലിയർ പ്ലാന്റുകളിൽ ഉൾപ്പടെ കെൽട്രോൺ യു പി എസ് സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി സീസ്മിക്, ഇഎംഐ/ഇഎംസി, ഐവി & വി തുടങ്ങിയ പരിശോധനകൾ വിജയകരമായി കടന്നിട്ടുള്ളവയാണ് കെൽട്രോണിന്റെ യുപിഎസ്സും അനുബന്ധ ഇലക്ട്രോണിക്സ് സംവിധാനങ്ങളും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇ – ഹെൽത്ത് പദ്ധതിക്ക് വേണ്ടി പുതിയ ഡിസൈനിലുള്ള 5kVA യു പി എസ് സിസ്റ്റം 170 എണ്ണം നിർമ്മിച്ച് നൽകുന്നതിന് ഓർഡർ ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇതിൽ 95 എണ്ണം കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സ്, – പവർ ഇലക്ട്രോണിക്സ് ഗ്രൂപ്പിൽ പൂർത്തിയായിക്കഴിഞ്ഞു. MSME യുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ പുതിയ ഡിസൈനിലുള്ള 5kVA യു പി എസ്സിന്റെ നിർമ്മാണത്തിനും കെൽട്രോണിന് പദ്ധതിയുണ്ട്.
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി, കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സിനെ പവർ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ആദ്യപടിയായാണ് 5kVA യു പി എസ്സും സോളാർ പമ്പ് കൺട്രോളറും കെൽട്രോൺ പുറത്തിറക്കുന്നത്
കെൽട്രോണിന്റെ ഉൽപ്പാദന യൂണിറ്റുകളുടെ നിർമ്മാണ സൗകര്യങ്ങൾ വർധിപ്പിക്കൽ, ആധുനികവൽക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായി വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ആഭ്യന്തരമായി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെൽട്രോണിന്റെ യൂണിറ്റുകളിൽ നടന്നുവരികയാണ്. ഇത്തരം നവീകരണം യാഥാർഥ്യമാക്കുന്നതിലൂടെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കെൽട്രോണിന് കഴിയുന്നതാണ്.