ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് എഎപി വക്താവ് പ്രിയങ്ക കക്കര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിനു മുമ്പായാണ് എഎപിയുടെ പ്രതികരണം.
”ആര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ചോദിച്ചാല്‍ ഞാന്‍ അരവിന്ദ് കെജരിവാളിന്റെ പേരു പറയും. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്”- എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ കക്കര്‍ പറഞ്ഞു.
ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്ന കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കാവുന്ന വിധത്തില്‍ എത്തിയതായി പ്രിയങ്ക കക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധീരമായ നിലപാടാണ് കെജരിവാള്‍ കൈക്കൊണ്ടതെന്ന് എഎപി വക്താവ് അഭിപ്രായപ്പെട്ടു.രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം ഇന്ത്യാ മുന്നണിക്കിടയില്‍ ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് വ്യത്യസ്ത സ്വരവുമായി എഎപി രംഗത്തുവന്നത്. ഇന്നു വൈകിട്ട് മുംബൈയിലാണ് ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗം.