
മുഹറഖ്: മുഹറഖിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ബാള്‍റൂമില്‍ ആരോഗ്യമേഖലയിലെ പ്രമുഖരെ അണിനിരത്തി വിഷണറി ലീഡര്‍ഷിപ്പ് മീറ്റ് (ക്രാന്തദര്‍ശി നേതൃയോഗം) സംഘടിപ്പിച്ചു. പരിപാടിയില്‍ മംഗലാപുരം യെനെപോയ സര്‍വകലാശാല ചാന്‍സലര്‍ ഡോ. യെനെപോയ അബ്ദുള്ളക്കുഞ്ഞി മുഖ്യാതിഥിയും സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് വിശിഷ്ടാഥിതിയുമായിരുന്നു.
ആരോഗ്യമേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനും നേതൃത്വപരമായ കാഴ്ചപ്പാടുകള്‍ കൈമാറാനും ഭാവിയിലേക്കുള്ള സഹകരണ സാധ്യതകള്‍ കണ്ടെത്താനുമാണ് യോഗം സംഘടിപ്പിച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ബദര്‍ അല്‍ സമാ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് പരിപാടിയെ അഭിസംബോധന ചെയ്തു. മേഖലയില്‍ നൂതന ആരോഗ്യ സേവനങ്ങല്‍ നല്കുന്നതില് തന്റെ ആശുപത്രിക്ക് ഉറച്ച പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

ജി.സി.സി. മേഖലയിലുടനീളം നാലായിരത്തിലധികം ജീവനക്കാരുള്ള ഒരു വലിയ ആരോഗ്യസംരക്ഷണ സംവിധാനം സ്ഥാപിക്കുന്നതുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിതനാകുകയും ചെയ്ത അബ്ദുല്‍ ലത്തീഫിനെ ഡോ. യെനെപോയ അബ്ദുള്ളക്കുഞ്ഞി അഭിനന്ദിച്ചു.

ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ മാരാം അന്‍വര്‍ ജാഫര്‍ അല്‍ സാലിഹ്, ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് ചെയര്‍മാനും സാറ ഗ്രൂപ്പ് സി.ഇ.ഒയുമായ മുഹമ്മദ് മന്‍സൂര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരും ആശുപത്രിയുടെ മാര്‍ക്കറ്റിംഗ് ടീമും വിവിധ മേഖലകളിലെ പ്രമുഖരടക്കമുള്ള അതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
