കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂർ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉൽപാദിപ്പിച്ച സാനിറ്റൈസർ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ നടന്ന ചടങ്ങിൽ എം.എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എം വിജിൻ, കെ വി സുമേഷ് എന്നിവർ മുഖ്യാഥിതികളായി. കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസർ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.
മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ഡബ്ള്യു.എച്ച്.ഒ നിഷ്ക്കർഷിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ എന്നീ രണ്ടു ബ്രാന്റുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ദിവസം 5000 ലിറ്റർ സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്.
കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂർ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിക്കുന്നത്. സർക്കാർ, സഹകരണ ആശുപത്രികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താൻ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കുമെന്ന് കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അറിയിച്ചു.