
ദില്ലി: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി കടക്കുകയായിരുന്നു. കേരളത്തിലെ പട്ടിക അന്തിമമാക്കാൻ നേതാക്കൾ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി യോഗം ചേരുമെന്നാണ് വിവരം.


