ബദിയടുക്ക: ആളില്ലാത്ത വീട്ടിൽനിന്നും നിരോധിച്ചതെന്നു തോന്നിപ്പിക്കുന്ന നോട്ടുകൾ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് മുണ്ട്യത്തടുക്കയിലെ ഒരു വീട്ടിൽ നിന്ന് അഞ്ച് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 1000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുണ്ട്യത്തടുക്കയിൽ ഷാഫി വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് പൊലീസ് നോട്ടുകൾ പിടികൂടിയത്. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് ബാഗുകളിലായി കോടിക്കണക്കിന് രൂപയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നിരോധിത നോട്ടുകൾ ഒളിപ്പിച്ചതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.