ബെംഗളൂരു: അനധികൃത പണമിടപാട് കേസിൽ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവെച്ചു. സർക്കാർ ജീവനക്കാരന്റെ ആത്മഹത്യയെ തുടർന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെയാണ് രാജി.
നേരത്തേ, മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും നാഗേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയെ നാണം കെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ നാഗേന്ദ്ര, സ്വയം രാജിവെക്കുകയായിരുന്നുവെന്നും പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഡി.കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. സിബിഐ അടക്കം ഏത് അന്വേഷണത്തിനും നാഗേന്ദ്ര തയ്യാറാണെന്നും ശിവകുമാർ വ്യക്തമാക്കി.
ദളിതർക്കും ആദിവാസികൾക്കുംവേണ്ടി പ്രവർത്തിക്കുന്നതിന്റെ മറവിൽ കോൺഗ്രസ് നേതാക്കൾ അഴിമതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി. ചന്ദ്രശേഖരന്റെ ആത്മഹത്യയാണ് കർണാടക രാഷട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത്. മേയ് 26-നായിരുന്നു ചന്ദ്രശേഖരൻ ജീവനൊടുക്കിയത്. തട്ടിപ്പിന്റെ ഉത്തരവാദികൾ ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ചിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് പോലീസ് കേസെടുക്കുകയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം വിവാദമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.