മനാമ: 1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും നടത്തിയ സായുധ പോരാട്ടമായ കാർഗിൽ യുദ്ധത്തിന്റെ ഇരുപത്തിയൊന്നാം വിജയ വാർഷികം ഇന്ത്യക്കാരായ രാജ്യസ്നേഹികൾ ഏറെ അഭിമാനം കൊള്ളുന്ന ഒരു ദിനമാണ്. എന്നാൽ ബഹറിനിലെ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിൽ തൻറെ ജോലി തിരക്കുകളിൽ വ്യാപൃതനായിരിക്കുന്ന രാജേഷ് നമ്പ്യാർ എന്ന പട്ടാളക്കാരന് പറയാനുള്ളത് നമ്മളിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവങ്ങളാണ്. ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 527 പേരാണ് കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
പ്രവാസലോകത്തെ തന്റെ തിരക്കിനിടയിലും തന്റെ കാർഗിൽ അനുഭവങ്ങളും,രാജ്യസ്നേഹത്തിന്റെ തീവ്രതയും ഉൾപ്പെടുത്തി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു.
“ജൂലൈ 26 കാർഗിൽ ദിവസ്…
മുപ്പതിനായിരത്തോളം സൈനികർ നേരിട്ട് അണിനിരന്ന യുദ്ധത്തിൽ നേരിട്ടല്ലാതെ കാർഗിലിൽ നിന്നും കുറെയധികം ദൂരത്തുള്ള ദമൻ എന്ന കൊച്ചു സ്ഥലത്തുള്ള എയർ ബേസിൽ ഞങ്ങളും യുദ്ധത്തിൽ വ്യാപൃതരായിരുന്നു.
തുടർച്ചയായുള്ള എയർ സോർട്ടികൾ.. എയർ ട്രാഫിക് ടവറിന് വിശ്രമമില്ലാത്ത നിമിഷങ്ങൾ. എയർ ബേസിന്റെ സംരക്ഷണവും അതെ പോലെ തീര പ്രദേശങ്ങളിലൂടെയുള്ള നിർത്താതെ യുള്ള നിരീക്ഷണം എന്നിവയായിരുന്നു എയർ സ്റ്റേഷന്റെ ചുമതല.
പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി, പന്ത്രണ്ട് മണിക്കൂർ വിശ്രമം പക്ഷെ പന്ത്രണ്ട് മണിക്കൂർ വിശ്രമം ഞങ്ങൾക്കും ഒരിക്കലും കിട്ടിയിരുന്നില്ല. ക്യാപ്റ്റൻ സൗരവ് കാലിയയും സംഘവും അനുഭവിച്ചതിന്റെ കാഠിന്യം ഓർക്കുമ്പോൾ ഞങ്ങളുടെ സേവനം ഒന്നുമല്ല. അയൽ രാജ്യത്തെ ഇപ്പോഴും എപ്പോഴും ചതിയന്മാരുടെ കൂട്ടത്തിൽ പെടുത്താനേ സാധിക്കൂ.
കുറെ കാലമെങ്കിലും ഈ മെഡൽ നെഞ്ചിൽ തൂക്കി ഇടാനുള്ള ഭാഗ്യം ഉണ്ടായി. ഇനിയും അടുത്ത തലമുറയിലൂടെ രാജ്യത്തിൻറെ ഭാഗം ആവണം എന്ന ആഗ്രഹം സഫലീകരിക്കും എന്ന പ്രത്യാശയിൽ… വീര ബലിദാനികൾക്ക് ഒരായിരം ബാഷ്പാഞ്ജലികൾ. ജയ് ഹിന്ദ്.”