
മനാമ: ബഹ്റൈനില്‍ 2018ല്‍ കൊണ്ടുവന്ന ‘കറാഫ്’ എന്ന പേരിലുള്ള ബോട്ടം ട്രോള്‍ നെറ്റ് മത്സ്യബന്ധന നിരോധനം റദ്ദാക്കാനുള്ള തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
നിരോധനം നീക്കി പകരം ഫലപ്രദമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എം.പിമാരായ ഖാലിദ് ബുവാനാഖ്, ഹിഷാം അല്‍ അവാദി, അഹമ്മദ് ഖരാത, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍സല്ലൂം എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തെ ജലാശയങ്ങളിലെ മത്സ്യസമ്പത്തിലോ വൈവിധ്യങ്ങളിലോ കാര്യമായ വര്‍ധനയൊന്നും വന്നിട്ടില്ലെന്ന് ബുവാനാഖ് പറഞ്ഞു. മാത്രമല്ല ചിലയിനം മത്സ്യങ്ങളും ചെമ്മീനുകളും അയല്‍ ജലാശയങ്ങളിലേക്ക് മാറിയെന്നും ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയ്ക്കുകയും വിപണിയില്‍ മത്സ്യലഭ്യത കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


