കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദ ലംഘിച്ചെന്ന് ആരോപിച്ചു. വൈസ് ചാൻസലർക്കെതിരായ പരാമർശം ഭരണഘടനാപദവി വഹിക്കുന്നയാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സർവകലാശാലയുടെ നിയമങ്ങൾ ഗവർണർ പൂർണമായും മനസ്സിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്. ഗവർണറുടെ നടപടി അതിരുകടന്നതും അപലപനീയവുമാണെന്ന് സിൻഡിക്കേറ്റ് പറഞ്ഞു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനൽ’ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്ന് ഗവർണർ കുറ്റപ്പെടുത്തി. വി.സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ ‘ക്രിമിനൽ’ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.