
കണ്ണൂർ: കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബു എന്ന വിദ്യാര്‍ത്ഥിയാണ് യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്. വലിയ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പിനിടെ ക്യാമ്പസില്‍ വലിയ സംഘർഷമാണ് നടന്നത്. എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഘർഷത്തിൽ എസ്എഫ് ഐ – യു ഡിഎസ്എഫ് പ്രവർത്തകർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചിരുന്നു. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യുഡിഎസ് എഫ് പ്രവർത്തകരും ആരോപണം ഉന്നയിച്ചു.
