കണ്ണൂർ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിലെ പാനൂർ തൂവ്വക്കുന്നിലെ മൂർക്കോത്ത് ഹൗസിൽ എം.രാജീവൻ (42), കരുവള്ളിച്ചാലിൽ ഹൗസിൽ കെ. വി. സുബീഷ് (29) എന്നിവരാണ് പിടിയിലായത്. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബർ ആറാം തീയതി യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ് അന്വേഷിക്കുകയും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കോടതിയിലാണ് യുവതി പീഡനത്തിന് ഇരയായ കാര്യം തുറന്നു പറഞ്ഞത്. ഭർതൃമതിയായ യുവതിക്ക് രാജീവനെ ഫോൺ വഴി പരിചയമുണ്ടായിരുന്നു. രണ്ടാം പ്രതിയായ സുധീഷിന്റെ വീട്ടിൽ വച്ച് ഇരുവരും പീഡിപ്പിച്ചുവെന്നാണ് യുവതി വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൂത്തുപറമ്പ് എ. സി. പി. സജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ കൂടുതൽ പേർ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ.മാരായ മിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ.സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.