ന്യൂഡൽഹി: കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ ഉടനീളം വാർത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത് വ്യാജവാർത്തായാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയിൽ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
വ്യാജവാർത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സിൽ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാൽ നടിയുമായി ഉടൻ തന്നെ ബന്ധപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ അവർ ജീവനോടെ ഇരിക്കുന്നതായി കൃത്യമായ വിവരം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ കോൾ കിട്ടുമ്പോൾ ദിവ്യ ജനീവയിൽ സുഖമായ ഉറക്കത്തിലായിരുന്നെന്ന് ഇയാൾ കുറിച്ചു.
അതേസമയം എവിടെ നിന്നാണ് ഈ മരണവാർത്ത പുറപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കന്നഡത്തിലെ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞമാസം ബാങ്കോക്കിൽ മരണമടഞ്ഞിരുന്നു. പേരിലെ ഈ സാമ്യത മൂലം ഈ വാർത്ത കണ്ട് ചില എക്സ് ഉപയോക്താക്കൾ തെറ്റിദ്ധരിച്ച് ഇട്ട വാർത്തയായിരിക്കാമെന്നാണ് വിവരം. കന്നഡ നടി കൂടിയായ ദിവ്യാ സ്പന്ദന യൂത്ത് കോൺഗ്രസിൽ ചേർന്നത് 2012 ൽ ആയിരുന്നു. ഇപ്പോൾ അവർ കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം കയ്യാളിയിരുന്നയാളാണ്. എന്നാൽ 2018 ൽ അവർ പദവിവിടുകയും ചെയ്തിരുന്നു.