ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രി കെ രാധാകൃഷ്ണൻ ജനങ്ങളെ സഹായിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഉന്നത വിജയം നൽകണമെന്നും കലാമണ്ഡലം ഗോപി വിഡിയോയിലൂടെ അഭ്യർത്ഥിച്ചു. കലാമണ്ഡലത്തിന് എല്ലാ സഹായവും നൽകി. കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്നു. കഥകളിക്കാരൻ രാഷ്ട്രീയം പറഞ്ഞതല്ല. കെ രാധാകൃഷ്ണൻ നല്ല സുഹൃത്താണ്. എന്നും അങ്ങനെ ആയിരിക്കുമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപിയ്ക്കായി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ പല വിഐപികളും ശ്രമിച്ചെന്ന മകൻ രഘു ഗുരുകൃപയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും ഇത് വലിയ ചർച്ചയായി. ബിജെപിക്കും കോൺഗ്രസിനും വേണ്ടി ആരും വീട്ടിൽ കയറരുതെന്ന് ഉൾപ്പെടെ സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചകൾ ചൂടുപിടിച്ചതോടെ രഘു പിൻവലിച്ചിരിക്കുന്നത്. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടർ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കുകയെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
പ്രശസ്ത ഡോക്ടർ തന്റെ പിതാവിനോട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞെന്നും കലാമണ്ഡലം ഗോപി അത് നിരസിച്ചെന്നും പോസ്റ്റിലൂടെ രഘു പറയുന്നുണ്ട്. ആവശ്യം നിരസിച്ചതിന് പിന്നാലെ ഡോക്ടർ ആശാന് പത്മഭൂഷൻ കിട്ടേണ്ടേയെന്ന് ചോദിച്ചുവെന്നും പോസ്റ്റിലൂടെ രഘു വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ തനിക്ക് പത്മഭൂഷൻ കിട്ടേണ്ടെന്ന് കലാമണ്ഡലം ഗോപി ആ ഡോക്ടറോട് പറഞ്ഞതായും രഘുവിന്റെ പോസ്റ്റിലുണ്ടായിരുന്നു.
എന്നാൽ കലാമണ്ഡലം ഗോപിയെ വിളിയ്ക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കലാമണ്ഡലം ഗോപി ഗുരുതുല്യനാണ്. പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാൻ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാർട്ടി തരുന്ന ലിസ്റ്റിൽ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത് എന്നും സുരേഷ് ഗോപി പ്രതികരിച്ചു.