കീവ്: തെക്കൻ യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിലുള്ള നോവ കഖോവ്ക അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം ഒമ്പതായി. റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടിന്റെ തകർച്ചയ്ക്ക് പിന്നാലെ യുക്രെയിനിലെ നിരവധി ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഖോവ്ക ഡാം തകർന്നത്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ൽ സോവിയറ്റ് യൂണിയന്റെ കാലത്താണ് നിർമിച്ചത്.അപകടത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് 16,000 പേരെ ഒഴിപ്പിച്ചിരുന്നു. ഡാമിലെ ജലം ഇരച്ചെത്തി ഖേഴ്സണിലെ 600 ചതുരശ്ര കി,മീ പ്രദേശം വെള്ളത്തിനടിയിൽ തന്നെ തുടരുകയാണ്. വെള്ളമിറങ്ങിത്തുടങ്ങാൻ ഇനിയും ആറ് മുതൽ എഴ് ദിവസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. റഷ്യ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഡാം സ്ഫോടക വസ്തുക്കളുപയോഗിച്ച് തകർക്കുകയായിരുന്നുവെന്നാണ് യുക്രെയിന്റെ വാദം. എന്നാൽ റഷ്യ ഇത് തള്ളിയിട്ടുണ്ട്. റഷ്യൻ മുന്നേറ്റം തടയാൻ യുക്രെയിന്റെ ചെയ്തിയാണ് ദുരന്തത്തിലേയ്ക്ക് നയിച്ചതെന്നാണ് റഷ്യ അറിയിക്കുന്നത്.
പതിനായിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.റഷ്യയുടെ ഷെല്ലാക്രമണം തുടരുന്നത് മൂലം പ്രദേശത്ത് കൃത്യമായ രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല എന്നാണ് യുക്രെയിൻ ആരോപിക്കുന്നത്.
അതേസമയം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യ ആണവനനിലയത്തിന് സമീപമുള്ള കഖോവ്ക ഡാമിന്റെ തകർച്ച ആണവ ദുരന്തത്തിലേയ്ക്കുള്ള സൂചനയും നൽകിയിരുന്നു. ഇവിടുത്തെ റിയാക്ടറുകളിലേക്ക് കൂളിംഗ് വാട്ടർ ആയി ഉപയോഗിച്ചിരുന്നത് നിപ്രോ നദിയിൽ സ്ഥിതി ചെയ്യുന്ന കഖോവ്ക ഡാമിലെ ജലമായിരുന്നു. എന്നാൽ ആണവനിലയം നിലവിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നുന്നില്ലെന്നാണ് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി(ഐ.എ.ഇ.എ) അറിയിക്കുന്നത്. സെപൊറീഷ്യ ആണവനിലയവും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.