കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ക്രെെംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കെെക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും അതുകൊണ്ട് ആരെയും ഭയപ്പെടുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ‘എനിയ്ക്ക് ഞാൻ ചെയ്ത കാര്യങ്ങൾ ബോധ്യമുണ്ട്. ഒരു അറസ്റ്റിലും ആശങ്കയില്ല. എനിയ്ക്ക് മുൻകൂർ ജാമ്യമുണ്ട്.’- അദ്ദേഹം പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ മുൻകൂർ ജാമ്യത്തിൽ വിട്ടേക്കും. മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിയ്ക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
സുധാകരന്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഇതിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും നൽകിയ മൊഴി.