തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രമോഷൻ നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്നാണ് സുധാകരൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മോഹനവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു,
പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ വിട്ടയക്കുകയായിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണ് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു സുധാകരന്റെ അറസ്റ്റ്.