കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ ശശി തരൂരിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എംപിക്കെതിരെ എന്ത് നടപടിയാണ് കെ സുധാകരനും വിഡി സതീശനും സ്വീകരിച്ചത്.
വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽ നിന്നും കുത്തുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സമരം നിർത്തുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് നല്ലത്. പിണറായി വിജയൻ സർക്കാരിന്റെ ബിടീമായാണ് എല്ലാ കാര്യത്തിലും വിഡി സതീശനും സംഘവും പ്രവർത്തിക്കുന്നത്. കെ-റെയിൽ വിരുദ്ധസമരത്തിലും ഈ ആത്മാർത്ഥതയില്ലായ്മ വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനം വരെ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.