തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ വീണ്ടും ശക്തമാകുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധാകരന്റെ നടപടികൾ പരാജയമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാരുടെ നീക്കം.
സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭൂരിഭാഗം എംപിമാരും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം സുധാകരന്റെ നടപടിയിൽ അസംതൃപ്തരാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നേതൃത്വവുമായി മുന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പരാതി. അതേസമയം, ഈ സമയത്ത് സുധാകരനെ പുറത്താക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കെ മുരളീധരന്റെ വിലയിരുത്തൽ.
അനാരോഗ്യം മൂലം സംസ്ഥാനത്ത് നിറഞ്ഞ് നില്ക്കാനാകുന്നില്ലെന്നും പാർട്ടിയുടെ പുനഃസംഘടന പോലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും സുധാകരനെതിരെ വിമർശനമുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായ പ്രസ്താവനകളും സുധാകരന് തിരിച്ചടിയായി. ഇതും യുഡിഎഫിൽ ചർച്ചയായി. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യത്തിന്റെ ഭാഗമായി ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധാകരൻ പറഞ്ഞു.