
മനാമ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇരട്ട പ്രദര്‍ശനമായ ജ്വല്ലറി അറേബ്യ 33ാം പതിപ്പിന്റെയും സെന്റ് അറേബ്യ മൂന്നാം പതിപ്പിന്റെയും വിസ്മയങ്ങളൊരുക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു.
നവംബര്‍ 25 മുതല്‍ 29 വരെ എക്സിബിഷന് വേര്‍ഡ് ബഹ്റൈനിലാണ് (ഇ.ഡബ്ല്യു.ബി) പ്രദര്‍ശനം. ആറ് വിശാലമായ ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 51,000ത്തിലധികം സന്ദര്‍ശകരും എത്തുമെന്നാണ് പ്രതീക്ഷ.
ആഡംബര ആഭരണങ്ങളുടെയും ഉയര്‍ന്ന നിലവാരമുള്ള സുഗന്ധ ദ്രവ്യങ്ങളുടെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഈ പ്രദര്ശനദ്വയം.
ബഹ്റൈനിലെ ടൂറിസം മേഖലയ്ക്ക് ഇത് വന്‍തോതില്‍ ഊര്‍ജം പകരുമെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി സി.ഇ.ഒയും ഇ.ഡബ്ല്യു.ബി. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍പേഴ്സണുമായ സാറ അഹമ്മദ്ബുഹിജി പറഞ്ഞു.


