ന്യൂഡൽഹി: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. സർക്കാരിന്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു.
സെലക്ഷൻ കമ്മിറ്റി യോഗത്തിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.സർക്കാർ നൽകിയ ശുപാർശ ഗവർണർ എഴുമാസമായി ഒപ്പിട്ടിരുന്നില്ല. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്..തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറതതിറക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കുന്നത്. മണികുമാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ സർക്കാർിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയാണ് യാത്രഅയപ്പ് ചടങ്ങിൽ പങ്കെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു പേര് മാത്രം ഏകപക്ഷീയമായി സെലക്ഷൻ കമ്മിറ്റി യോഗത്തിൽ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവി വിയോജനതക്കുറിപ്പിൽ പറഞ്ഞിരുന്നത്.