തിരുവനന്തപുരം: മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ, ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് എം. എം. പരീത് പിള്ള, ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരുടെ പിൻഗാമിയായി കേരളത്തിന്റെ ആറാമത്തെ ലോകായുക്തയായിട്ടാണ് ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അദ്ദേഹം കിളിമാനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. നിലമേൽ എൻ. എസ്. എസ്. കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ജസ്റ്റിസ് എൻ.അനിൽ കുമാർ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 1983-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ ആയിരുന്നു. 1991- ൽ മുൻസിഫ് ആയി ജോലിയിൽ പ്രവേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടയതിയുടെ രജിസ്ട്രാർ ജനറൽ ആയി പ്രവർത്തിച്ചു വരവേ അദ്ദേഹത്തിനു കേരള ഹൈക്കോടതി ജഡ്ജി ആയി നിയമനം ലഭിച്ചു.കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചതിനു ശേഷം KAAPA Act, NSA Act, COFEPOSA Act, NDPS Act എന്നിവ പ്രകാരം നിലവിൽ വന്ന ഉപദേശക ബോർഡിന്റെ ചെയർമാൻ സ്ഥാനത്തു പ്രവർത്തിച്ചു വരികയായിരുന്നു.ശ്രീമതി. ഗൗത അനിൽ കുമാർ ആണ് ഭാര്യ. മക്കൾ അർജുൻ, അരവിന്ദ്. രണ്ടു പേരും എഞ്ചിനീയർമാരാണ്.