ഹൈദരാബാദ്: ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയാണ് നടി മേഘ്നാ രാജീവിന്റെ ഭർത്താവും കന്നട നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. കടിഞ്ഞൂൽ കൺമണിക്കായുള്ള കാത്തിരിപ്പിനിടെയായിരുന്നു ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം ചിരഞ്ജീവി സർജയെ തട്ടിയെടുക്കുന്നത്.
ഭർത്താവിന്റെ മരണത്തോടെ തകർന്നു പോയ മേഘ്നയ്ക്ക് കുഞ്ഞിന്റെ ജനനത്തോടെയാണ് ജീവിതത്തിന്റെ പുതിയ പ്രതീക്ഷകൾ കൈവന്നത്. പിന്നീട് കുഞ്ഞിന്റെ ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പ്രണയദിനത്തിലാണ് മേഘ്ന കുഞ്ഞിന്റെ മുഖം ആദ്യമായി ആരാധകരെ കാണിച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ കുഞ്ഞിന്റെ ചിത്രം വൈറലായിരുന്നു.
ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീണ്ടും തരംഗമായിരിക്കുകയാണ് കുഞ്ഞിന്റെ ദൃശ്യങ്ങൾ. അച്ഛൻ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ജൂനിയർ ചീരുവിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. മേഘനാ രാജിന്റെ മടിയിലിരുന്ന് കുഞ്ഞു വിരലുകൾ കൊണ്ട് ട്രെയിലർ ഷെയർ ചെയ്യുന്ന ജൂനിയർ ചീരുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
കെ രാമനാരായണൻ സംവിധാനം ചെയ്യുന്ന രാജമാർത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മേഘനാ രാജും മകനും ചേർന്ന് പുറത്തിറക്കിയത്. രാമനാരായണൻ തന്നെ രാജാമാർത്താണ്ഡയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. അർജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ലെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.