ന്യൂയോർക്ക്: ഫോമയുടെ 2022-2024 കാലത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരെഞ്ഞെടുപ്പ് സുതാര്യമായും, നിഷ്പക്ഷമായും നടത്തുന്നതിന്, ശ്രീ ജോൺ ടൈറ്റസ് ചെയർമാനായും, തോമസ് കോശി, വിത്സൺ പാലത്തിങ്കൽ എന്നിവർ അംഗങ്ങളായും തെരെഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തു.
വ്യോമയാന വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖ മലയാളി വ്യവസായിയും, ഫോമയുടെ മുൻ പ്രസിഡന്റുമാണ് ശ്രീ ജോൺ ടൈറ്റസ്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ മുൻ പ്രസിഡൻറും, ഫോമയുടെ മുൻ ഉപദേശക സമിതി ചെയർമാനുമായിരുന്നു അദ്ദേഹം.
മാനവശേഷി, കയറ്റുമതി തുടങ്ങിയ രംഗങ്ങളിൽ അനുഭവ സമ്പത്തുള്ള വിത്സൺ ഫോമയുടെ 2014-16 കാലയളവിൽ ഫോമയുടെ വൈസ് പ്രസിഡന്റായിരുന്നു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ അദ്ധ്യക്ഷ പദവിയുൾപ്പടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള വിത്സൺ ,2013-ൽ യു.എസ്. എസ്.ബി.എ.യുടെ ചെറുകിട ബിസിനസ്സ് എക്സ്പോർട്ടർ ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.
സ്വർണ്ണ വ്യാപാര വ്യവസായ സംരഭകനായ തോമസ് കോശി ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടി ബോർഡ് ഓഫ് ഹ്യൂമൻ റൈറ്സ് കമ്മീഷൻ ബോർഡ് അംഗമായും, ഫയർ ഹൌസിംഗ് ബോർഡിന്റെ ഉപദേശക സമിതി അംഗമായും നിലവിൽ സേവനമനുഷ്ഠിച്ച് വരികയാണ്. ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ, തെരെഞ്ഞെടുപ്പ് കമ്മീഷണർ, എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫോമയുടെ കംപ്ളയ്ൻസ് കൗൺസിലിന്റെ വൈസ് ചെയർമാനാണ്.
ഫോമയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റതായി ഏകോപിപ്പിക്കാനും, കാര്യക്ഷമതയോടെയും നിഷ്പക്ഷതയോടെയും നടപ്പിലാക്കാനും അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമുള്ള പുതിയ തെരെഞ്ഞെടുപ്പ് കമ്മീഷനും അംഗങ്ങൾക്കും കഴയുമെന്നു പ്രത്യാശിക്കുന്നുവെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ ആശംസിച്ചു.
റിപ്പോർട്ട്: സലിം ആയിഷ