വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 78 കാരനായ ജോ ബൈഡനും 56കാരിയായ കമല ഹാരിസും ജനുവരി 20 ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യും. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോൺഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകൾക്കകം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.