ഡൽഹി: ജയിൽ മാറ്റത്തിനുള്ള അപേക്ഷയുമായി പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവർ കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിക്കുന്നു.
അമീറുൾ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2016 ഏപ്രില്‍ 28ന് ആണ്, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിൽ സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് വഴങ്ങാത്തതിലുളള വൈരാഗ്യം മൂലം പ്രതി ജിഷയെ കൊലപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. ലൈംഗികാസക്തിയോടെ ജിഷയെ കടന്നു പിടിച്ച പ്രതി, എതിര്‍ത്തപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ പലതവണ കുത്തുകയായിരുന്നു. കോടതിയിൽ കുറ്റപത്രത്തിനൊപ്പം ഡിഎന്‍എ പരിശോധനാഫലവും പൊലീസ് സമർപ്പിച്ചിരുന്നു.