ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ 570 വ്യക്തിത്വങ്ങളുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്നും ആസ്വാദകരുടെ ഇടയിൽ സ്വാധീനവും കൗതുകവുമുള്ള ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാരിന്റെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ചലച്ചിത്രാവിഷ്കാരമാകുന്ന സിനിമയാണ് ‘കത്തനാർ – ദ് വൈൽഡ് സോഴ്സറർ’. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളിലൊന്നായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്.
‘‘നാൽപത്തിമൂന്ന് ദിവസത്തെ കഠിന പ്രയത്നങ്ങൾക്ക് ശേഷം ‘കത്തനാർ – ദ് വൈൽഡ് സോഴ്സറർ’ ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. വിവിധ വകുപ്പുകളിൽ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമർപ്പണത്തോടെയുള്ള അക്ഷീണ പ്രയത്നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ഈ മാസ്മരിക ചിത്രം പൂർത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകൾക്കും ആവേശകരമായ അപ്ഡേറ്റുകൾക്കുമായി എല്ലാവരും കാത്തിരിക്കുക. അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി.
ഞങ്ങളുടെ നിർമാതാവായ ഗോകുലം ഗോപാലൻ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളിൽ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി.’’ റോജിൻ തോമസ് കുറിച്ചു.
ചിത്രീകരണം തുടങ്ങിയപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കത്തനാർ. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് -തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളോർ ആയിരിക്കും കത്തനാറിന്റെ സെറ്റ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റിനും, ടെക്നിഷ്യമാർക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി മാറുവാൻ കഴിഞ്ഞ രണ്ടു വർഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യയ്ക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരിക്കും ഇത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിൻ തോമസ് പറഞ്ഞിരുന്നു.