
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഷിഗെരു ഇഷിബ ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് വിശദമാകക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ രാജിവെക്കണമെന്ന ആവശ്യം ഷിഗെരു ഇഷിബയുടെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നാണ് ഉയർന്നത്. ഞായറാഴ്ച വരെ രാജി വയ്ക്കുമെന്ന നിലപാടിൽ നിന്നിരുന്ന ഷിഗെരു ഇഷിബ അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിക്കുന്നത്.
ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. 248 അംഗ സഭയിൽ 141 സീറ്റുകൾ ഉണ്ടായിരുന്നത് 122 ആയി കുറഞ്ഞിരുന്നു. ഇതോടെ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതായി മാറുന്ന സാഹചര്യവുമുണ്ടായിരുന്നു. ജപ്പാൻ പാർലമെന്റിന്റെ ഇരുസഭകളിലും എൽഡിപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാൻ കാരണമായ വലിയ തിരിച്ചടി ഉണ്ടായിട്ടും ഇഷിബ ഷിഗെരു രാജിവെക്കാൻ തയാറായിരുന്നില്ല. അധികാരത്തിൽ തുടരുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
