
വാഷിംഗ്ടൺ: അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജനുവരി മൂന്ന് എന്ന തീയതിക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. കൃത്യം 36 വർഷങ്ങൾക്ക് മുൻപ്, അതായത് 1990 ജനുവരി മൂന്നിനാണ് പാനമയുടെ ഏകാധിപതിയായിരുന്ന മാനുവൽ നോറിയേഗ അമേരിക്കൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. വത്തിക്കാൻ എംബസിയിൽ അഭയം പ്രാപിച്ചിരുന്ന അദ്ദേഹത്തെ ‘ഓപ്പറേഷൻ ജസ്റ്റ് കോസ്’ എന്ന സൈനിക നീക്കത്തിലൂടെയാണ് യുഎസ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട നോറിയേഗയെ പിന്നീട് വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി.
ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തിന്റെ സൈന്യം അവരുടെ മണ്ണിൽ വെച്ച് നേരിട്ട് പിടികൂടിയ ചരിത്രത്തിലെ അവസാനത്തെ വലിയ സംഭവമായിരുന്നു ഇത്. ഇപ്പോൾ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റും ഇതേ തീയതിയിൽ തന്നെ സംഭവിച്ചു എന്നത് യാദൃശ്ചികതയ്ക്കപ്പുറം ചരിത്രത്തിന്റെ ആവർത്തനമായി മാറുകയാണ്. നോറിയേഗയെപ്പോലെ തന്നെ മഡുറോയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ചേർന്ന് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
നോറിയേഗ 17 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ഫ്രഞ്ച്, പാനമാനിയൻ ജയിലുകളിലും കഴിയേണ്ടി വന്ന ചരിത്രം മഡുറോയുടെ കാര്യത്തിലും ആവർത്തിക്കുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഈ രണ്ട് നേതാക്കളെയും കുടുക്കാൻ അമേരിക്കൻ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം തയ്യാറാക്കിയതും മയക്കുമരുന്ന് കടത്ത് എന്ന ഒരേ കാരണം ചൂണ്ടിക്കാട്ടിയാണെന്നതും ശ്രദ്ധേയമാണ്.
അവിടെയും തീരുന്നില്ല..!
ജനുവരി മൂന്ന് എന്ന തീയതിയുടെ പ്രത്യേകതകൾ ഇതുകൊണ്ടും അവസാനിക്കുന്നില്ല. ആറ് വർഷങ്ങൾക്ക് മുൻപ്, ഇതേ ദിവസം തന്നെയാണ് ഇറാന്റെ ഏറ്റവും കരുത്തനായ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ഡോണൾഡ് ട്രംപ് ഭരണകൂടം ബാഗ്ദാദിൽ വെച്ച് വധിച്ചത്. മിഡിൽ ഈസ്റ്റിലെ ഇറാന്റെ സൈനിക തന്ത്രങ്ങളുടെ തലച്ചോറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത് ഇറാന് കനത്ത ആഘാതമാണ് നൽകിയത്. അമേരിക്കൻ സൈനിക താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു സുലൈമാനി എന്ന് പെന്റഗൺ ആരോപിച്ചിരുന്നു. നോറിയേഗയും സുലൈമാനിയും ഇപ്പോൾ നിക്കോളാസ് മഡുറോയും അമേരിക്കൻ നീതിപീഠത്തിന്റെയോ സൈന്യത്തിന്റയോ ഇരകളായി മാറിയത് ഒരേ കലണ്ടർ ദിനത്തിലാണെന്നത് ജനുവരി മൂന്നിനെ അമേരിക്കൻ വിരുദ്ധരുടെ ഒരു ‘അശുഭ ദിനമായി’ അടയാളപ്പെടുത്തുന്നു.


