
മനാമ: വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തു ചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന.
മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്.
വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ തുടക്കം. ടി.എൻ ശേഷൻ, ഡോ.ബാബു പോൾ, കെ.പി. പി നമ്പ്യാർ, ഡോ. ജോർജ് സുദർശൻ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വമാണ് ഈ സംഘടനയെ വളർത്തിയത്. എന്നാൽ ഇപ്പോൾ ഗ്രൂപ്പുകൾ ചേർന്നുള്ള ചേരിതിരിവ് എന്തിനുവേണ്ടി എന്ന് ഇനിയും വ്യക്തമാകുന്നില്ല. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നല്ലൊരു വേദി കണ്ടിട്ടുമില്ല. പക്ഷേ കക്ഷിരാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോര് എന്ന പോലെ ഇപ്പോൾ ചിന്നഭിന്നമാണ് ഈ കൂട്ടായ്മയും ഇതിലെ പ്രവർത്തനവും.
കേരളത്തിലും മറ്റിടങ്ങളിലുമുള്ള മലയാളികളുടെ സ്വത്തവകാശം, പൗരാവകാശങ്ങൾ, സുരക്ഷ, ന്യായമായ പങ്കാളിത്തം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് പ്രവാസി സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കാനും കഴിഞ്ഞ കാലങ്ങളിൽ ഡബ്ലിയു എം.സി മടികാണിച്ചിട്ടില്ല. എന്നാൽ കാലക്രമത്തിൽ വേൾഡ് മലയാളി കൗൺസിലിൽ വളർച്ചയുടെ ഘട്ടത്തിലാണ് ഭിന്നിപ്പുകളും ഉണ്ടായത്. ആളുകൾ വ്യതിചലിച്ച് പല ഗ്രൂപ്പുകളായി മാറി. എന്നാൽ ഇത് സംഘടനക്ക് ഗുണകരമായോ എന്ന കാര്യത്തിൽ സംശയമാണ്.

വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുകയാണ് സംഘടന ഇന്ന്. ഏറ്റവും വലിയ മലയാളികളുടെ കൂട്ടായ്മ എന്ന പേരെടുത്ത സംഘടനയാണ് ഇന്ന് ഇത്തരത്തിൽ 3 സംഘനകളായി ചേരിതിരിഞ്ഞ് മാറുന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതിനും നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സംഗമസ്ഥാനമാണ് ഇന്ന് ഈ സ്ഥിതിയിലായിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഡബ്ലിയു.എം.സി ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു. ഒരുഘട്ടത്തിൽ മറ്റ് സാംസ്കാരിക സാമൂഹിക അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി ചാരിറ്റിക്കും കലാപരിപാടികൾക്കും ആഘോഷങ്ങൾക്കുമപ്പുറം തൊഴിൽപരമായ മുന്നേറ്റത്തിനും ഡബ്ലിയു എം.സി ഊന്നൽ നൽകിയിരുന്നു. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും നിന്ന് മലയാളികൾ നേടിയെടുത്ത അനുഭവവും അറിവും കഴിവും സാമർത്ഥ്യവും ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും സംരംഭകത്വവും മറ്റൊരു മലയാളിക്കുകൂടി ഉപകരിക്കണമെന്ന ചിന്ത സംഘടനയിൽ ഉള്ളവർക്ക് വേണ്ടത് അനിവാര്യമാണ്. മാറ്റി ചിന്തിക്കാനും പ്രവർത്തിക്കുവാനും ഇനിയും സമയമുണ്ട്. ഇതേ കാലഘട്ടത്തിൽ രൂപം കൊണ്ട മറ്റു സംഘടനകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടുപോകുമ്പോഴാണ് വേൾഡ് മലയാളി കൗൺസിലിന്റെ ഈ അപചയം എന്ന് ആലോചിക്കേണ്ടതാണ്. ഇതിനൊരു മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒന്നിച്ചു നിൽക്കേണ്ടവർ ഭിന്നിച്ചപ്പോൾ ബാക്കിയായത് അപമാനവും ചീത്തപ്പേരും മാത്രമാണ്.വേൾഡ് മലയാളി കൗൺസിലിന്റെ 3 ഗ്രൂപ്പുകളും 50 രാജ്യങ്ങളിലായി 70 പ്രൊവിൻഡുകൾ ഉണ്ടെന്നാണ് വാദിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണിത് ? സത്യം തിരിച്ചറിയാനുള്ള ബോധം മലയാളിക്ക് ഇല്ലെന്ന് ധരിക്കുന്നത് അപഹാസ്യമാണ്. വിവേകമുള്ള മലയാളികൾ പരിഹസിക്കുക തന്നെ ചെയ്യും. നിരവധി പ്രവർത്തനങ്ങൾ സാമൂഹിക പുരോഗതിക്കായി ചെയ്യാൻ കഴിയുന്ന സംഘടനയാണ് ഇത്തരത്തിൽ അധപ്പതിക്കുന്നത്.
3 സംഘടനകളും മത്സരിച്ച് കോൺഫറൻസുകൾ നടത്തുന്നത് വ്യക്തിബന്ധങ്ങളെ പോലും ബാധിക്കുകയാണ്. വിശിഷ്ഠതിഥികളായി എത്തുന്നവർ ഈ സംഘടനയിലെ ചേരിതിരിവിന്റെ പേരിൽ ധർമ്മസങ്കടത്തിലാക്കുന്നതിന് പലരും സാക്ഷികളാണ്. അതുകൊണ്ടു തന്നെയാണ് പല പ്രമുഖരും സംഘടനയോട് മുഖം തിരിഞ്ഞു നിൽക്കുന്നത്. എന്താണ് വേൾഡ് മലയാളി കൗൺസിലിൽ സംഭവിക്കുന്നതെന്ന് പലർക്കും വ്യക്തവുമല്ല. എന്തായാലും വെട്ടി മുറിച്ചും തമ്മിലടിച്ചും വേൾഡ് മലയാളി കൗൺസിൽ നിഷ്പ്രഭമാകുന്നത് സങ്കടകരമാണെന്ന് പറയാതെ വയ്യ.
