
മനാമ: ബഹ്റൈനില്‍ യുവതിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ നാലു വിദേശി പുരുഷന്മാര്ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു.
അതിജീവിതയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവര്‍ വഹിക്കണം. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ട കോടതി ഇവര്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.
ഈ വര്‍ഷം തുടക്കത്തിലാണ് ഒന്നാം പ്രതി ഹെയര്‍ ഡ്രസ്സര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ പ്രതികള്‍ യുവതിയെ ഒരിടത്ത് താമസിപ്പിച്ച് പാസ്പോര്‍ട്ട് പിടിച്ചുവാങ്ങി. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. യുവതി വിസമ്മതിച്ചപ്പോള്‍ അവരെ മര്‍ദിക്കുകയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് മറ്റൊരു ഫ്ളാറ്റില്‍ താമസിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴില്‍ ചെയ്യിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടാണ് അവര്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞു.
