ന്യൂഡൽഹി: 200 കോടി തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരക തുല്യമാക്കിയെന്നും ഡൽഹി പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ നടി വ്യക്തമാക്കി. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സുകേഷിനെ പരിചയപ്പെടുത്തിയത്.
സൺ ടിവിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നും സുകേഷ് തന്നോട് പറഞ്ഞതായി ജാക്വിലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ, ഈ ബാനറിൽ ധാരാളം സിനിമകൾ ചെയ്യാനുണ്ട്. തന്റെ വലിയ ആരാധകനാണെന്നും ദക്ഷിണേന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് തന്നോട് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു.
സുകേഷ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാൾ തന്റെ ജീവിതവും കരിയറും നശിപ്പിച്ചു. ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിന് സുകേഷിനെ അറസ്റ്റ് ചെയ്തതായി പിന്നീടാണ് അറിഞ്ഞത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിന് ശേഷമാണ് യഥാർത്ഥ പേര് പോലും മനസിലായതെന്നും നടി പറഞ്ഞു.