
മനാമ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള പല കമ്യൂണിസ്റ്റ് നേതാക്കൾക്കും അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.
“കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികളാക്കപ്പെട്ട സഖാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന്, ടി.പി. യുടെ ജീവിതപങ്കാളി കെ.കെ. രമ എം.എൽ.എയെ ആദ്യം ആശ്വസിപ്പിക്കാനെത്തിയ മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇദ്ദേഹമായിരുന്നു.” സ്വന്തം പാർട്ടിക്ക് എതിരായി ആരോപണം നിലനിന്ന കേസിൽ അദ്ദേഹം സ്വീകരിച്ച ഈ നിലപാട് മാനുഷിക മൂല്യം ഉയർത്തിപ്പിടിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
