
മനാമ: അറബ് ലീഗ് ഉച്ചകോടിക്ക് നേതൃത്വം നല്കുന്ന ബഹ്റൈന്‍ മതാന്തര, സാംസ്കാരിക സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍നിര മാതൃകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇറ്റാലിയന്‍ പറഞ്ഞു.
ബഹ്റൈനിലും ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തില്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും നാഗരിക സംഭാഷണത്തിന്റെയും തത്ത്വങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.
2022ലെ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബഹ്റൈന്‍ നല്കിയ ചരിത്രപരമായ സ്വീകരണം വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ധാരണ വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും മെലോണി അഭിപ്രായപ്പെട്ടു.
വ്യാപാരം, നിക്ഷേപം, വികസനം, തന്ത്രപരമായ പങ്കാളിത്തം വിപുലപ്പെടുത്തല്‍ എന്നിവയിലും പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും ഇറ്റലിയും ജി.സി.സി. രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പര്യടനത്തിന്റെ ഭാഗമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ മേഖലാ സന്ദര്‍ശനം.
