
ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ച ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി എംപി ഹേമമാലിനി. അവിടെ തിക്കും തിരക്കും ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അത് അത്ര വലിയ അപകടമൊന്നുമല്ല. അതേപ്പറ്റി പര്‍വതീകരിച്ചു പറയുകയാണെന്നും ഹേമമാലിനി പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഹേമമാലിനി. കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
‘ഞങ്ങള്‍ കുംഭമേളയ്ക്ക് പോയിരുന്നു… ഞങ്ങള്‍ നന്നായി സ്നാനം നടത്തി…. എല്ലാം നന്നായി നടന്നു. ഒരുപാട് ആളുകളാണ് വരുന്നത്, അതുകൊണ്ടുതന്നെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണ്, പക്ഷേ സര്‍ക്കാര്‍ പരമാവധി ഭംഗിയായി ചെയ്യുന്നു… തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി. വ്യാജ പ്രചാരണം നടത്തുകയാണ്. അപകടം നടന്നു, പക്ഷേ അത് അത്ര വലുതായിരുന്നില്ല. അത് പെരുപ്പിച്ചു കാണിക്കുകയാണ്.’ ഹേമമാലിനി പറഞ്ഞു.
