യു.ഡി.എഫ് വിട്ടവരെയല്ല, മറിച്ച് എൽ.ഡി.എഫിൽ അസംതൃപ്തരായവരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അതൃപ്തരാണോയെന്ന് അറിയില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ സ്വാഗതം ചെയ്യും. യു.ഡി.എഫിന്റെ വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കാനുള്ള രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെങ്കിലും കോൺഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി.ജെ ജോസഫ് പറഞ്ഞു.
ഇടതുമുന്നണിയിൽ അസംതൃപ്തരായ കക്ഷികളെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്നാണ് രാഷ്ട്രീയ പ്രമേയം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് മുൻകൈ എടുക്കണം. വി.കെ. ശ്രീകണ്ഠൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ട്വന്റി 20 പോലുള്ള അരാഷ്ട്രീയ പാർട്ടികളുമായി സഖ്യം പാടില്ലെന്നാണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. മതതീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആവശ്യപ്പെടുന്നു. സാമുദായിക സംഘടനകളുമായി സമദൂരം നിലനിർത്താനുള്ള തീരുമാനവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ തടയണമെന്നും തീരുമാനമെടുത്തു.
